"This is a website currently under construction. The information provided on it is incomplete."
ഭൂപടം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന  പഞ്ചായത്താണ് അടിമാലി ഗ്രാമപഞ്ചായത്ത്. 271.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള  24 വാര്‍ഡുകള്‍ ഉള്‍പ്പെട്ട ഈ പഞ്ചായത്ത് അടിമാലി ബ്ലോക്കിലെ മന്നാംകണ്ടം വില്ലേജ് പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിൻറെ അതിർത്തികൾ പടിഞ്ഞാറ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, കിഴക്ക് വെള്ളത്തൂവൽ പഞ്ചായത്ത്, വടക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത്, തെക്ക് പെരിയാർ നദി എന്നിവയാണ്. ചരിത്രമുറങ്ങുന്ന മലയടിവാരത്ത് മന്നാൻ സമുദായക്കാരുടെ സങ്കേതമായിരുന്നു മന്നാംകണ്ടവും കുട്ടമ്പുഴയും. അടിമാലിയെന്നാൽ മന്നാൻ സമുദായക്കാരുടെ ഭാഷയിൽ “വെള്ളം വന്നു വീഴുന്ന സ്ഥലം” എന്നാണ് അർത്ഥം. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശം പൂഞ്ഞാർ തമ്പുരാക്കന്മാരുടെ വകയായിരുന്നു. കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാർഡിൽ ഉൾപ്പെട്ടതായിരുന്നു. 1955-ൽ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുട്ടമ്പുഴ-മന്നാംകണ്ടം എന്നീ പ്രദേശങ്ങൾ കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാർഡ് ആയിരുന്നു. 1960 ൽ ആണ് മന്നാംകണ്ടം പഞ്ചായത്ത് രൂപീകരിച്ചത്. 1967-ൽ കുട്ടമ്പുഴ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ മന്നാംകണ്ടം പഞ്ചായത്തിന്റെ രണ്ടു വാർഡുകൾ നഷ്ടപ്പെട്ട് ഇന്നത്തെ രൂപത്തിലായി. പിന്നീട് മന്നാംകണ്ടം അടിമാലി പഞ്ചായത്തെന്ന് പുനർനാമകരണം ചെയ്തു. സഹ്യന്റെ സാനുവിൽ മനോഹരമായ ഈ കൊച്ചുഗ്രാമത്തിന് തെക്ക് ഭാഗത്ത് പെരിയാറും, വടക്കു ഭാഗത്ത് അംബരചുംബികളായ കൊരങ്ങാട്ടി മലകളും കിഴക്ക് ഭാഗത്ത് കൂമ്പൻപാറ മലകളുടെ അടിവാരവും പടിഞ്ഞാറ് ഭാഗത്ത് സുപ്രസിദ്ധമായ നേര്യമംഗലം ആർച്ച് പാലവും അതിരിടുന്നു. എറണാകുളം ജില്ലയിൽ നിന്ന് അടിമാലി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന റാണി ലക്ഷ്മിഭായി നിർമ്മിച്ച രാജകീയ പൊതുവഴി ഇന്ന് നാഷണൽ ഹൈവേ 49 ആയി സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് കടന്നുപോകുന്നു. കൊടുംവനങ്ങളും നീർച്ചാലുകളും നിറഞ്ഞ ഈ പ്രദേശം കാട്ടുമൃഗങ്ങളുടെ താവളമായിരുന്നു. മലയുടെ അടിവാരങ്ങളിൽ പ്രധാനമായി കേന്ദ്രീകരിച്ചുകിടക്കുന്നതുകൊണ്ട് അടിമാലിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. പ്രകൃതി മനോഹരമായ ഹരിത വനങ്ങളിലെ കരിമ്പാറക്കൂട്ടങ്ങളിലൂടെ കുതറിച്ചാടുന്ന ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും നാഷണൽ ഹൈവേ 49-ലൂടെയുള്ള യാത്രയിൽ നയനാനന്ദകരമായ കാഴ്ചയാണ്. സമുദ്രനിരപ്പിൽ നിന്ന് ഉദ്ദേശം 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുതിരകുത്തി മലയുടെ നെറുകയിൽ നിന്നാൽ, എറണാകുളം ടൌണിന്റെ ദൂരവീക്ഷണം ലഭിക്കും. താഴ്വാരത്തിൽ ലോവർ പെരിയാർ പദ്ധതി സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിൽ 75 ശതമാനം കറുത്ത പശിമരാശി മണ്ണും 25 ശതമാനം ചെമ്മണ്ണും ആണ്. ആദിവാസികൾക്കും കുടിയേറ്റ കർഷകർക്കും കനകം സമ്മാനിക്കുന്ന ഈ സഹ്യന്റെ പുത്രി ഹൈറേഞ്ചിനഭിമാനമാണ്.

അതിരുകൾ

 

വാർഡുകൾ

  1. പഴമ്പള്ളിച്ചാൽ
  2. പരിശക്കല്ല്
  3. ഇരുമ്പുപാലം
  4. പ്ലാക്കയം
  5. പതിനാലാം മൈൽ
  6. മച്ചിപ്ലാവ്
  7. ചാറ്റുപാറ
  8. അടിമാലി നോർത്ത്
  9. താലമാലി
  10. കരിങ്കുളം
  11. പൂഞ്ഞാർകണ്ടം
  12. കൂമ്പൻപാറ
  13. മില്ലുംപ്പടി
  14. ഇരുനൂർറേക്കർ
  15. മന്നാംകാല
  16. അടിമാലി  
  17. ചാറ്റുപാറ സൌത്ത്
  18. മണല്‍പ്പടി
  19. ചിന്നപ്പാറ
  20. മച്ചിപ്ലാവ് വെസ്റ്റ്
  21. മെഴുകുംചാല്
  22. ദേവിയാർ
  23. കാഞ്ഞിരവേലി
  24. വാളറ

 

Map