ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

         ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ അടിമാലി ബ്ലോക്കില്‍ മന്നാങ്കണ്ടം വില്ലേജ് പരിധിയില്‍ വരുന്ന അടിമാലി ഗ്രാമപഞ്ചായത്തിന് 271.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.  ഈ പഞ്ചായത്തിന്‍റെ അതിര്‍ത്തികള്‍‍ പടിഞ്ഞാറ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, കിഴക്ക് വെള്ളത്തൂവല്‍ പഞ്ചായത്ത്, വടക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത്, തെക്ക് പെരിയാര്‍ നദി എന്നിവയാണ്.  ചരിത്രമുറങ്ങുന്ന മലയടിവാരത്ത് മന്നാന്‍ സമുദായക്കാരുടെ സങ്കേതമായിരുന്നു മന്നാങ്കണ്ടവും കുട്ടമ്പുഴയും.  അടിമാലിയെന്നാല്‍ മന്നാന്‍ സമുദായക്കാരുടെ ഭാഷയില്‍ വെള്ളം വന്നു വീഴുന്ന സ്ഥലം എന്നാണ് അര്‍ത്ഥം.  ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശം പൂഞ്ഞാര്‍‍ തമ്പുരാക്കന്മാരുടെ വകയായിരുന്നു.  കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം കവളങ്ങാട് പഞ്ചായത്തിന്‍റെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ടതായിരുന്നു.  1955 ല്‍ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുട്ടമ്പുഴ-മന്നാങ്കണ്ടം എന്നീ പ്രദേശങ്ങള്‍ കവളങ്ങാട് പഞ്ചായത്തിന്‍റെ ആറാം വാര്‍ഡ് ആയിരുന്നു.  1960-ല്‍ ആണ് മന്നാങ്കണ്ടം പഞ്ചായത്ത് രൂപീകരിച്ചത്.  1967-ല്‍ കുട്ടമ്പുഴ പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ മന്നാങ്കണ്ടം പഞ്ചായത്തിന്‍റെ രണ്ടു വാര്‍ഡുകള്‍ നഷ്ടപ്പെട്ട് ഇന്നത്തെ രൂപത്തിലായി.  പിന്നീട് മന്നാങ്കണ്ടം അടിമാലി പഞ്ചായത്തെന്ന് പുനര്‍നാമകരണം ചെയ്തു.  സഹ്യന്‍റെ സാനുവില്‍ മനോഹരമായ ഈ കൊച്ചുഗ്രാമത്തിന് തെക്ക് ഭാഗത്ത് പെരിയാറും വടക്കു ഭാഗത്ത് അംബരചുംബികളായ കൊരങ്ങാട്ടി മലകളും കിഴക്ക് ഭാഗത്ത് കൂമ്പന്‍പാറ മലകളുടെ അടിവാരവും പടിഞ്ഞാറ് ഭാഗത്ത് സുപ്രസിദ്ധമായ നേര്യമംഗലം ആര്‍ച്ച് പാലവും അതിരുടുന്നു. എറണാകുളം ജില്ലയില്‍ നിന്നും അടിമാലി പഞ്ചായത്തിലേയ്ക്ക് പ്രവേശിക്കുന്ന റാണി ലക്ഷ്മീഭായി നിര്‍മ്മിച്ച് രാജകീയ പൊതു വഴി എന്ന് നാഷണല്‍ ഹൈവേ 49 ആയി സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേയ്ക്ക് കടന്നു പോകുന്നു.  കൊടും വനങ്ങളും നീര്‍ചാലുകളും നിറഞ്ഞ ഈ പ്രദേശം കാട്ടുമൃഗങ്ങളുടെ താവളമായിരുന്നു.  മലയുടെ അടിവാരങ്ങളില്‍ പ്രധാനമായും കേന്ദ്രീകരിച്ച് കിടക്കുന്നതുകൊണ്ട് അടിമാലി എന്ന് അറിയപ്പെടുന്നു.  പ്രകൃതി മനോഹരമായ ഹരിതവനങ്ങളിലെ കരിമ്പാറക്കൂട്ടങ്ങളിലൂടെ ചിതറിചാടുന്ന ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും നാഷണല്‍ ഹൈവേ 49 ലൂടെയുള്ള യാത്ര നയനാന്തകരമായ കാഴ്ചയാണ്.  സമുദ്ര നിരപ്പില്‍ നിന്നും ഉദ്ദേശം 4000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുതിരകുത്തി മലയുടെ മുകളില്‍ നിന്നാല്‍ എറണാകുളം ടൌണിന്‍റെ ദൂരവീക്ഷണം ലഭിക്കും.  താഴ്വാരത്തില്‍ ലോവര്‍പെരിയാര്‍ പദ്ധതി സ്ഥിതിചെയ്യുന്നു. ഈ പഞ്ചായത്തില്‍ 75%  കറുത്ത പശ്ചിമരാശി മണ്ണും 25% ചെമ്മണ്ണും ആണ്.  ആദിവാസികള്‍ക്കും കുടിയേറ്റ കര്‍ഷകര്‍ക്കും കനകം സമ്മാനിക്കുന്ന ഈ സഹ്യന്‍റെ പുത്രി ഹൈറേഞ്ചിന് അഭിമാനമാണ്.    

         സാമൂഹിക ചരിത്രം
    കൂട്ടമംഗലം വില്ലേജിന്‍റെ ഭാഗമായിരുന്നു ഈ പഞ്ചായത്ത്.  1933-35 കാലഘട്ടത്തില്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ കാലത്ത് അന്നത്തെ എം എന്‍ സി ആയിരുന്ന തരിയത് കൊഞ്ഞിതൊമ്മന്‍റെ നിര്‍ദ്ദേശ പ്രകാരം ഇന്നത്തെ മന്നാങ്കണ്ടം പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ 3000 ഏക്കര്‍ ഭൂമി ലേലം ചെയ്ത് വില്‍ക്കുകയുണ്ടായി.  പാല സെന്‍ട്രല്‍ ബാങ്കും അതിനോട് അനുബന്ധിച്ചുള്ള കുറെ സാമ്പത്തിക ശേഷിയുള്ള ആളുകളും പല ഭാഗങ്ങള്‍ ലേലത്തില്‍ സ്വന്തമാക്കി.  1934 മാര്‍ച്ച് മാസത്തില്‍ ആദ്യമായി ഇവിടെ കൃഷി ഇറക്കി.  ആ കാലഘട്ടത്തില്‍ വിരിപ്പുനെല്ല് മാത്രമാണ് കൃഷി ചെയ്തിരുന്നത്.  ഈ പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ ആ കാലഘട്ടത്തില്‍ തന്നെ 200 ഏക്കര്‍ ഭൂമി ഇന്നത്തെ 200 ഏക്കര്‍ അറിയപ്പെടുന്ന സ്ഥലത്തും 1000 ഏക്കര്‍ ഭൂമി അന്ന് ഇടക്കാനം എന്നറിയപ്പെടുന്ന ഇന്നത്തെ ചാറ്റുപാറയിലും ഹരിജനങ്ങള്‍ക്കായി നല്‍കുകയുണ്ടായി.  അടിമാലി എന്ന പട്ടണം ഇന്ന് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 14 ഏക്കര്‍ ഭൂമി പൊതു ആവശ്യങ്ങള്‍ക്കായി നീക്കിവച്ചു.  അതിനു ശേഷം ലേലത്തില്‍ ഉടമകളായ സ്ഥാപങ്ങളും വ്യക്തികളും മറ്റ് കര്‍ഷകര്‍ക്ക് പാട്ട വ്യവസ്ഥയില്‍ ഓരോ ഭാഗങ്ങള്‍ തിരിച്ചു നല്‍കുകയും ചെയ്തു.  കപ്പ്, ഇഞ്ചിപുല്ല് തുടങ്ങിയ കൃഷികള്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു.  പി എസ് റാവുവിന്‍റെ കാലത്ത് 1949-ല്‍ കൊടിയ ഭക്ഷ്യക്ഷാമം നേരിട്ടപ്പേള്‍ ഗ്രോമോര്‍ ഫുഡ് പ്രോഗ്രാം അനുസരിച്ച് കുത്തകപ്പാട്ട വ്യവസ്ഥയില്‍ ആദ്യം ലേലം ചെയ്തു കൊടുത്ത ഭൂമിയേട് അടുത്തുകിടക്കുന്ന ഭൂമി കൃഷിക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ മാത്രം കൃഷി ചെയ്യുന്നതിന് കൊടുത്തു. കര്‍ഷകര്‍ നെല്‍ കൃഷി ചെയ്യുന്നതിനോടൊപ്പം കപ്പക്കൃഷി ചെയ്യാന്‍ ആരംഭിച്ചു.  പക്ഷേ ഫോറസ്റ്റ് അധികാരികള്‍ അതെല്ലാം പിഴുതു കളഞ്ഞു.  1954-55 കാലഘട്ടത്തില്‍ ഇവിടെ കൃഷിക്കാര്‍ സംഘടിച്ച് കര്‍ഷക സംഘടനയ്ക്ക് രൂപം നല്‍കി. അന്ന് ഈ പ്രദേശങ്ങളില്‍ നടക്കുന്ന ആധാരങ്ങളില്‍ എല്ലാം ഈ പ്രദേശം പൂഞ്ഞാര്‍ തമ്പുരാക്കന്‍മാരുടെ വകയാണെന്നും സര്‍ക്കാരുമായി കേസ് നടക്കുന്നതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.  നാണ്യവിളകളും കപ്പ മുതലായ കിഴങ്ങുവര്‍ഗ്ഗങ്ങളും കൃഷി ചെയ്യാനുള്ള അനുവാദം കിട്ടിയത് 1957-ല്‍ അധികാരത്തില്‍വന്ന ജനകീയ സര്‍ക്കാരിന്‍റെ കാലത്താണ്.  ഈ പ്രദേശത്തുള്ള കൃഷിക്കാര്‍ക്ക് പട്ടയം കിട്ടുന്നതിന് തര്യത് കുഞ്ഞിതൊമ്മന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.  അന്ന് ലെവി സമ്പ്രദായം നിലനിന്നിരുന്നു.  ഉല്‍പ്പന്നങ്ങളുടെ പകുതിയും ലെവിയായി കൊടുക്കണമെന്നായിരുന്നു.  അതിനെതിരെ കര്‍ഷക സംഘത്തിന്‍റെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തിയിട്ടുണ്ട്.  ഈ പഞ്ചായത്തിലെ ആദ്യത്തെ കോളനിയാണ് ദേവിയാര്‍ കോളനി.  ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം തീര്‍ക്കാന്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ കോളനി സ്ഥാപിച്ചപ്പോള്‍ മറയൂരില്‍ സ്ഥാപിച്ച കോളനി വെള്ളം കിട്ടാത്തതുകൊണ്ട് മാറ്റി സ്ഥാപിച്ചതാണ് ദേവിയാര്‍ കോളനി.  79 കുടുംബങ്ങളായിരുന്നു ഈ കോളനിയില്‍. ഈ കോളനി സ്കീമില്‍ വന്നതാണ് ദേവിയാര്‍ ഗവണ്‍മെന്‍റ് എല്‍ പി സ്കൂള്‍.  അതിനു ശേഷം 1976-ല്‍ ഇത് ഹൈസ് സ്കൂളായി മത സൌഹാര്‍ദ്ത്തിന്‍റെയും സഹകരണത്തിന്‍റെയും പ്രതീകമായിരുന്നു ഇവിടുത്തെ ദേവിയാര്‍ കോളനി.  ഈ കോളനിയില്‍ ഉണ്ടായിരുന്ന ബ്രാഹ്മണ അയ്യര്‍ (മണി അയ്യര്‍), ദളിത് വിഭാഗത്തില്‍പ്പെട്ട (പുലയര്‍) കുടുംബങ്ങളില്‍ നിന്നും തന്‍റെ ആണ്‍മക്കളെ വിവാഹം കഴിപ്പിക്കുകയും പെണ്‍മക്കളെ പറയജാതികളില്‍പ്പെട്ട പുരുഷന്‍മാര്‍ക്ക് (ഉള്ളാട) വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.  
    1957 ന് ശേഷം ഈ കുത്തകപ്പാട്ട ഭൂമിയിലും ഇഞ്ചിപ്പുല്ല് കൃഷി ചെയ്യുന്നതിന് അനുവാദം നല്‍കുകയുണ്ടായി.  ആ കാലഘട്ടത്തില്‍ ഇഞ്ചിപ്പുല്‍ കൃഷിക്ക് ഭൂവുടമകള്‍ കര്‍ഷകരില്‍ നിന്ന് എക്കര്‍ ഒന്നിന് ഒരു വര്‍ഷത്തില്‍ രണ്ടര കുപ്പി തൈലം പാട്ടമായി വാങ്ങിയിരുന്നു.  തുടര്‍ന്ന് മറ്റ് കൃഷികളും മറ്റ് അവിടവിടെ ചെയ്തു തുടങ്ങി.  മന്നാന്മാര്‍ അധിവസിച്ചിരുന്ന പ്രദേശമായതിനാല്‍ ഈ പ്രദേശത്തിന് മന്നാങ്കണ്ടം എന്ന പേരു വന്നു. 1955-ല്‍ പഞ്ചായത്ത് നിലവില്‍വന്നപ്പോള്‍ കവളങ്ങാട് പഞ്ചായത്തിന്‍റെ ആറാം വാര്‍ഡ് ആയിരുന്നു കുട്ടമ്പുഴ, മന്നാങ്കണ്ടം എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശം.  1960-ല്‍ ഇന്നത്തെ അടിമാലി പഞ്ചായത്ത് മന്നാങ്കണ്ടം പഞ്ചായത്ത് എന്ന പേരില്‍ രൂപം കൊണ്ടു.  ഇഞ്ചിപ്പുല്‍ കൃഷി ഭീമമായ നഷ്ടത്തെ തുടര്‍ന്ന് 1960 കാലഘട്ടങ്ങളില്‍ പട്ടയ ഭൂമിയിലും അതിനുമുകളില്‍ വനരുന്ന റവന്യൂ-കുത്തകപ്പാട്ട ഭൂമികളിലും കമുക് വ്യാപകമായി കൃഷി ചെയ്യാന്‍ ആരംഭിച്ചു. കൂട്ടത്തില്‍ തെങ്ങ്, കുരുമുളക്, കാപ്പി, ഏലം, പ്ലാവ്, മാവ് തുടങ്ങിയവയാണ് ആദ്യകാലത്തെ പ്രധാന നാണ്യവിളകള്‍.  
സാംസ്ക്കാരിക ചരിത്രം
    1995-ല്‍ ആണ് പഴയ മന്നാങ്കണ്ടം പഞ്ചായത്ത് അടിമാലി പഞ്ചായത്ത് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 1946 ന് മുന്‍പ് ഈ പഞ്ചായത്തിലെ താമസക്കാര്‍ മന്നാന്‍, മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികളായിരുന്നു.  അടിമാലി, 200 ഏക്കര്‍, മച്ചിപ്ലാവ് തുടങ്ങിയ ചതുപ്പ് പ്രദേശത്ത് ഇവര്‍ വര്‍ഷാവര്‍ഷം മാറി മാറി കൃഷി ഇറക്കുകയും കരഭൂമിയില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കൂട്ടമായി താമസിക്കുകയും ചെയ്തിരുന്നു.  മന്നാങ്കണ്ടം പഞ്ചായത്തിന് ആ പേര് വരാന്‍ തന്നെ കാരണം ഈ പ്രദേശത്ത് മന്നാന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികള്‍ ആദ്യകാലത്ത് താമസിച്ചിരുന്നതുകൊണ്ടാണ്. ആദിവാസികള്‍ക്ക് അവരുടേതായ തനത് സംസ്ക്കാരവും കലയും ഉണ്ടായിരുന്നു.  കൂട്ടുകുടുംബ വ്യവസ്ഥതിയില്‍ മരുമക്കത്തായ സമ്പ്രദായമാണ് നിലനിന്നിരുന്നത്.  ഇവരുടെ പവിത്രമായ കുടുംബ ജീവിതവും അതിനുവേണ്ടിയുള്ള ചട്ടക്കൂടും ലിഖിതമല്ലെങ്കിലും കീഴ്വഴക്കമായി ഇന്നും നിലനില്ക്കുന്നു.  1946 കാലഘട്ടത്തിലാണ് ഈ പഞ്ചായത്തില്‍ കുടിയേറ്റം ആരംഭിക്കുന്നത്.  അന്ന് സര്‍ക്കാര്‍ ഗ്രോമോര്‍ ഫുഡ് പ്രോഗ്രാമില്‍ കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളിലെ ജന്മിമാര്‍ക്ക് കൃഷിക്കായി ചുതുപ്പുകള്‍ ലേലം ചെയ്തും കുത്തകപ്പാട്ട വ്യവസ്ഥയിലും നല്‍കി.  ഇവിടെ കൃഷി ഇറക്കാന്‍ വന്നവരും അവരുടെ പണിക്കു വന്നവരുമാണ് ആദ്യത്തെ താമസക്കാര്‍.  പിന്നീട് പങ്ക്, പാട്ടം, വാരം അടിസ്ഥാനത്തില്‍ കൃഷി ആരംഭിക്കുകയും ചെയ്തതോടെ ജനവാസം ആരംഭിച്ചു.